കൊച്ചി: മുസ്ലീംലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കേസിലെ പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഷുക്കൂറിന്റെ മാതാവ് പി. അത്തിക്ക നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ജയരാജനും രാജേഷിനം കേസിലുള്ള പങ്ക് അന്വേഷിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
കേസില്‍ സി.ബി.ഐ ഇതുവരെ തുടര്‍ന്നുവന്ന എല്ലാ നടപടികളും നിര്‍ത്തി വയ്ക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കും.
കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐയ്ക്ക് വിട്ടതെന്ന് ജയരാജനും രാജേഷും വാദിച്ചു. മാത്രമല്ല, കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള പ്രത്യേക സാഹചര്യം നിലവില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
2012 ഫെബ്രുവരി 20നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ അറബിക് വിദ്യാര്‍ത്ഥിയും ലീഗ് പ്രവര്‍ത്തകനുമായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ടി.വി. രാജേഷും പി. ജയരാജനും നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക നിമിത്തം സി.പി.എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പി. ജയരാജനും ടി.വി. രാജേഷും പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് ഷുക്കൂറിനെ ആക്രമിച്ചത്.
ഷുക്കൂറിനെ പിടികൂടിയ അക്രമികള്‍ മൊബൈലില്‍ ഇയാളുടെ ചിത്രമെടുത്ത് സഹകരണ ആശുപത്രിയില്‍ ജയരാജനും ടി.വി. രാജേഷിനുമൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുത്തു. നേതാക്കളെ ആക്രമിച്ചവരില്‍ ഷുക്കൂറുമുണ്ടെന്ന് ഉറപ്പ് കിട്ടിയതോടെ ചുള്ളിപ്പറമ്പിലെ ഒരു നെല്‍പ്പാടത്തിനു നടുവില്‍ കൊണ്ടു നിറുത്തി വിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.