കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്റ്റേ. കേസിലെ പ്രതികളായ പി.ജയരാജന്‍ ടി.വി.രാജേഷ് എംഎല്‍എ തുടങ്ങിയ 34 പേര്‍ക്കും നോട്ടീസ് അയക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. തലശേരി കോടതി കുറ്റപത്രം മടക്കിയതോടെയാണ് സി.ബി.എ ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ തലശേരി സെഷന്‍സ് കോടതിയിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പി.ജയരാജന്‍ 33ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 34ാം പ്രതിയുമായുള്ള പ്രതിപട്ടികയാണ് പൊലീസ് സര്‍പ്പിച്ചിരിക്കുന്നത്. കേസ് ഏറ്റെടുത്തതു മുതല്‍ തന്നെ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.