വാഷിങ്ടണ്‍: ബലൂചിസ്ഥാന്‍ വിഷയത്തെ കുറിച്ച് ഇന്ത്യ സംസാരിച്ചാല്‍ ഖലിസ്ഥാന്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് പാക് വക്താവ് മുഷാഹിദ് ഹുസൈന്‍ സെയ്ദ് പറഞ്ഞു.
സമീപ രാജ്യത്തിന്റെ രാജ്യാന്തര വിഷയമായതിനാല്‍ ഞങ്ങള്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ തക്കമറുപടി നല്‍കേണ്ടിവരുമെന്നും കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായ മുഷാഹിദ് ഹുസൈന്‍ സെയ്ദ് വാഷിങ്ടണില്‍ പറഞ്ഞു.
ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാക് പ്രതിനിധി ഈ പ്രതികരണം.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ അമേരിക്ക ഇടപെടണമെന്നും ഇടപെട്ടില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ സ്ഥിരത ഉറപ്പാക്കാനുള്ള യുഎസ്-ഇന്ത്യ ശ്രമത്തെ നശിപ്പിക്കാന്‍ പാകിസ്താന് കഴിയുമെന്നും സെയ്ദ് പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും കൈയ്യില്‍ ആണവായുധങ്ങളുണ്ടെന്നും കശ്മീര്‍ വിഷയത്തില്‍ സമാധാനമുണ്ടാകണമെന്നും പാകിസ്താന്റെ മറ്റൊരു പ്രത്യേക ദൂതന്‍ ഷെശ്ര മന്‍സാബ് അറിയിച്ചു.
അതേസമയം,പാകിസ്താന്റെ ഭീഷണിക്കും മുന്നറിയിപ്പിനും കാര്യമാത്രമായ പ്രാധാന്യം വാഷിങ്ടണ്‍ നല്‍കുന്നില്ല. സിറിയയില്‍ത്തന്നെ കാര്യമായി ഇടപെടാന്‍ യുഎസിനു കഴിയുന്നില്ല, പിന്നെങ്ങനെ കശ്മീരില്‍ ഇടപെടണമെന്ന ആവശ്യത്തെ യുഎസ് പരിഗണിക്കുമെന്ന് ദക്ഷിണേഷ്യയിലെ കാര്യങ്ങളെക്കുറിച്ചുള്ള യുഎസ് വിദഗ്ധന്‍ മൈക്കിള്‍ ക്രെപോണ്‍ ചോദിച്ചു.