ജലനിരപ്പ് ഉയര്‍ന്നു; ചെറുത്തോണി ഡാമിന്റെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി

ചെറുതോണി: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറന്നു. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്.

ഒരു ഷട്ടറാണ് 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. 40 മുതല്‍ 150 വരെ ഘനയടി വെള്ളം ഒഴുക്കിവിടും. മൂന്ന് സൈറണുകള്‍ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാത്രി വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥന്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടര്‍ അടച്ചാണ് വെള്ളത്തിന്റെ അളവില്‍ തമിഴ്‌നാട് കുറവ് വരുത്തിയത്. മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ തുറന്നു വിടുന്ന 8000 ഘനയടി ആയിരുന്നു.

Top