മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയര്‍ത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയര്‍ത്തിയത്. ഷട്ടറുകള്‍ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് കൂടുതല്‍ വെളളം കൊണ്ടുപോകണം. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാറില്‍ നിന്നുള്ള അധികജലമെത്തി തുടങ്ങിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞത് ആശ്വാസമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചിരുന്നു. രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒന്‍പതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്‌സ് വെള്ളമാണ് പുറത്തേക്ക് വിട്ടത്. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജലനിരപ്പ് കുറക്കാനായി കൂടുതല്‍ വെള്ളം തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എന്‍ജിനീയര്‍ തലത്തില്‍ ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനമായത്. പെരിയാറില്‍ നിലവിലുള്ള ജലനിരപ്പിനെക്കാള്‍ അരയടിയില്‍ താഴെ മാത്രമായിരിക്കും വെള്ളം ഉയരാന്‍ സാധ്യത. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉച്ചയ്ക്ക് ശേഷം അവലോകനയോഗം വിളിച്ചിട്ടുണ്ട്.

 

Top