ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. കശ്മീര്‍ താഴ്‌വരയിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് മെഹബൂബ പറഞ്ഞു.
തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. പക്ഷേ, വിഘടനവാദികള്‍ക്ക് പൊലീസിനെ പേടിയാണെന്നും മെഹബൂബ വ്യക്തമാക്കി.
കാശ്മീര്‍ ഉടന്‍ തന്നെ പഴയ അവസ്ഥയിലേക്ക് മാറും. അധികകാലം ഈ സാഹചര്യം തുടരില്ല. പക്ഷെ, ഇക്കാര്യങ്ങളെല്ലാം ബാധിച്ച കുട്ടികളുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ് അവശേഷിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. വിഘടനവാദികളുടെ മക്കളെല്ലാം മലേഷ്യയിലും ദുബായിലും ബെംഗളൂരുവിലും രാജസ്ഥാനിലുമാണ്. ഒരു വിഘടനവാദി നേതാവിന്റെ മക്കള്‍ക്കും ഇതുവരെയുണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്ക് പോലും പറ്റിയിട്ടില്ലെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.
കാശ്മീരിലെ സംഘര്‍ഷങ്ങളില്‍ ഇന്നലെ രണ്ടു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസമായ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 73 ആയി ഉയര്‍ന്നു. ശ്രീനഗറില്‍ നിരോധനാജ്ഞ ഇന്നലെ പൂര്‍ണമായും പിന്‍വലിച്ചെങ്കിലും പകല്‍ കടകള്‍ അടഞ്ഞുകിടന്നു. വൈകിട്ടോടെ കടകളും പെട്രോള്‍ പമ്പുകളും തുറന്നു. വിഘടനവാദി സംഘടനകളുടെ ഹര്‍ത്താല്‍ നാളെ വരെ നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാശ്മീരിലെത്തിയ എംപിമാരുടെ സംഘത്തോടു സംസാരിക്കാന്‍ വിഘടനവാദിനേതാക്കള്‍ വിസ്സമ്മതിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതിനിടെ, വിഘടനവാദി നേതാക്കള്‍ക്കു നല്‍കിവരുന്ന വിദേശയാത്ര, സുരക്ഷ, ചികില്‍സ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. തീവ്രവാദികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രനീക്കം.