ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി

IDUKKI-DAM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനമുണ്ടായതോടെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2401.02 അടിയാണ്. മുല്ലപ്പെരിയാറില്‍ 140.80 അടിയും ഇടമലയാറില്‍ 168.66 അടിയും ജലനിരപ്പുണ്ട്. ഇതോടെ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.

അതിനിടെ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങിയതോടെ പമ്പാ നദിയിലെ ജലനിരപ്പ് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സ്പില്‍വേയുടെ 38 ഷട്ടറുകളും തുറന്നതോടെ പ്രളയ ജലം വന്‍തോതില്‍ കടലിലേക്ക് ഒഴുകിപ്പോയെന്നാണ് വിവരം. ഇത് പത്തനംതിട്ടയിലെ വിവിധയിടങ്ങളിലെ വെള്ളക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

അതേസമയം, ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Top