നിങ്ങള്‍ക്കൊപ്പം പോരാടാന്‍ ഞങ്ങളുണ്ട്; ശ്വേതാ ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്ഐ

അഹമ്മദാബാദ്: ഗുജറാത്ത് കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിന്റെ പോരാട്ടങ്ങളില്‍ പിന്തുണ അറിയിച്ച് ഡിവൈഎഫ്ഐ. ശ്വേതാ ഭട്ട്, പൊരുതുന്ന നിങ്ങള്‍ക്കൊപ്പം പോരാടാന്‍ ഞങ്ങളുണ്ടെന്ന് അഹമ്മദബാദില്‍ ശ്വേതാഭട്ടിനെ സന്ദര്‍ശിച്ച ശേഷം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍കുറിച്ചു.


അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും അഹമ്മദാബാദിലെ വീട്ടില്‍ ചെന്നാണ് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയസമ്മര്‍ദം അതിജീവിച്ച് ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്നും ശ്വേത പറഞ്ഞു. ശ്വേത ഭട്ടിന് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്‌ഐ മുംബൈയില്‍ ജൂലൈ ആദ്യവാരം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

Top