ശ്യാം പുഷ്‌കരന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. സന്ദേശം എന്ന സിനിമയെ വിമര്‍ശിച്ചായിരുന്നു തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്‌കരന്‍ ശ്രീനിവാസനെതിരെ രംഗത്തെത്തിയത്. സന്ദേശം സിനിമ ഒരു സന്ദേശവും നല്‍കുന്നില്ലെന്നും ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തില്‍ വിയോജിപ്പുണ്ടെന്നും ചിത്രം അരാഷ്ട്രീയ വാദമാണ് പറയുന്നതെന്നും റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായാണ് ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമ മുന്നോട്ട് വയ്ക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ശ്യാമിന്റെ വിമര്‍ശനമെന്ന് സിനിമയില്‍ തിലകന്‍ പറയുന്ന ഒരു ഡയലോഗ് ചൂണ്ടിക്കാട്ടി ശ്രീനിവാസന്‍ മറുപടി പറഞ്ഞു.
‘സന്ദേശം എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല’. ശ്രീനിവാസന്‍ വ്യക്തമാക്കി.
ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങി 1991ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സന്ദേശം.