‘ജോലിഭാരം മാനസിക സമ്മർദത്തിന് കാരണമായി’ ; എസ്ഐയുടെ ആത്മഹത്യാക്കുറിപ്പ്

ഇടുക്കി : തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്ഐ സി.കെ. അനില്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും അമിതമായ ജോലിഭാരവുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഒരു എഎസ്‌ഐയും 3 പൊലീസ് ഉദ്യോഗസ്ഥരും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കന്റീൻ നടത്തിപ്പിലെ ജോലി ഭാരവും മരണ കാരണമാണെന്ന് അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് സൂചന.

തൃശൂർ കേരള പൊലീസ് അക്കാദമിയിലെ എസ്‌ഐ കട്ടപ്പന വാഴവര സ്വദേശി സി. കെ. അനിൽകുമാറിനെ ബുധനാഴ്ച ഉച്ചയോടെയാണ് വാഴവരയിലുള്ള പുരയിടത്തിന് സമീപം
മരിച്ച നിലയിൽ കാണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നായിരുന്നു മരണം. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

തൃശൂരിൽ നിന്ന് ചൊവ്വാഴ്ച നാട്ടിൽ എത്തിയ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർമലാസിറ്റിക്കു സമീപത്തെ ആളൊഴിഞ്ഞ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Top