അവളെ ചവിട്ടാൻ ആക്രോശിച്ചു . .വലിച്ച് വണ്ടിയിൽ കയറ്റാൻ പറഞ്ഞു എസ്.ഐ !

കോട്ടയം: പിണറായി സര്‍ക്കാറിനെയും കേരള പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ധിക്കാരിയായ ഗാന്ധി നഗര്‍ എസ്.ഐ ഷിബു. ഒരു എസ്.ഐയുടെ ഭാഗത്ത് വന്ന പിഴവിന് കൊടുക്കേണ്ടി വന്നതാണ് കെവിന്റെ ജീവന്‍. ഒരുമിച്ച് കഴിയാതെ തന്നെ വിധവയാകേണ്ടി വന്നു ഭാര്യ നീനുവിന്.

കെവിനോടും നീനുവിനോടും മുന്‍ വൈരാഗ്യമുള്ള പോലെയാണ് എസ്.ഐ തുടക്കം മുതല്‍ പെരുമാറിയതെന്ന് കെവിന്റെ സുഹൃത്ത് അനീഷ് വെളിപ്പെടുത്തി. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലായിരുന്നു അനീഷിന്റെ പ്രതികരണം.

കെവിനും നീനുവും രജിസ്റ്റര്‍ വിവാഹം ചെയ്‌തെന്ന വിവരമറിഞ്ഞ നീനുവിന്റെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്നു പരാതി നല്‍കി. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സുഹൃത്ത് അനീഷ് ആദ്യം പൊലീസുദ്യോഗസ്ഥരെ കാണിച്ചു. എസ്‌ഐയുടെ മറുപടി വരട്ടെയെന്നായിരുന്നു.

എസ്‌ഐ എത്തിയപ്പോള്‍ രേഖകള്‍ കൊടുത്തെങ്കിലും അത് എടുക്കാനോ പരിശോധിക്കാനോ തയ്യാറായില്ല. കെവിനെയും നീനുവിനെയും കാണണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. വന്നപ്പോള്‍ കെവിന്റെ കയ്യില്‍ പിടിച്ച് തള്ളിമാറ്റിയ എസ്‌ഐ നീനുവിന്റെ അച്ഛനോട് ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് പറഞ്ഞു.

സ്റ്റേഷനില്‍നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നിലത്തുവീണുപോയ നീനുവിനെ ചവിട്ടാന്‍ എസ്‌ഐ ആക്രോശിക്കുകയും ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്ന് എസ്‌ഐ അലറിയെന്നും അനീഷ് പറയുന്നു. റോഡിലൂടെ പോയവര്‍ ബഹളം കണ്ട് വാഹനം നിര്‍ത്തി ചിത്രങ്ങളും വിഡിയോയും എടുക്കാന്‍ തുടങ്ങിയതോടെ എസ്‌ഐ സ്റ്റേഷനുള്ളിലേക്കു പോയെന്നും അവരെ അകത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയെന്നും അനീഷ് വെളിപ്പെടുത്തുന്നു.

പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍, കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിച്ചിരുന്നു. ഞായറാഴ്ച കെവിനെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ നീനുവിനോടും കെവിന്റെ കുടുംബത്തോടും ഇതേ സമീപനമാണ് എസ്‌ഐ കൈക്കൊണ്ടത്. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്റെ നമ്പര്‍ അടക്കമായിരുന്നു കുടുംബം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി.

ആ സമയം മുതല്‍ അക്രമിസംഘത്തിന്റെ ആളുകള്‍ അതേ ഇന്നോവ കാറിലും ബൈക്കുകളിലുമായി സ്റ്റേഷനു ചുറ്റും കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെന്നാണ് അനീഷ് പറയുന്നത്. ഇതേപ്പറ്റി പറഞ്ഞപ്പോള്‍ ‘മാറി നില്‍ക്ക്, മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അത് കഴിഞ്ഞ് കേള്‍ക്കാം’ എന്നൊക്കെ പറഞ്ഞ് എസ്‌ഐ ഒഴിഞ്ഞുമാറുകയായിരിന്നു. കെവിന്‍ കൊല്ലപ്പെട്ടതിനു ശേഷവും ബന്ധു അനീഷിന് അക്രമിസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.

Top