sibi-malayil,b unnikrishnan fefka

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ തൊഴില്‍ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണിക്കൃഷ്ണനേയും വീണ്ടും തിരഞ്ഞെടുത്തു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും സംഘടനയുടെ അമരത്തേക്കു വരുന്നത്. കമലും അരോമ മോഹനുമായിരുന്നു നിലവില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും.

ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു തങ്ങളുടെ നിര്‍ദേശങ്ങള്‍ വിവിധ ചലച്ചിത്ര സംഘടനകളെയും സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്നു ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അനുകൂല പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, പരസ്യമായ പ്രതികരണം വേണ്ടെന്നാണു സംഘടനയുടെ നിലപാട്.

ചലച്ചിത്ര മേഖലയ്ക്കായി റഗുലേറ്ററി അതോറിറ്റി വേണമെന്ന ആവശ്യത്തോടു യോജിപ്പില്ല. ഇന്ന് അനുഭവിക്കുന്ന സംഘടനാ സ്വാതന്ത്രങ്ങളെല്ലാം നഷ്ടപ്പെടുകയും ഏതാനും ഉദ്യോഗസ്ഥരുടെ ഭരണത്തിലാകുകയും ചെയ്യുകയാണുണ്ടാകുകയെന്നു സംഘടനകള്‍ മനസിലാക്കണം.

സ്വയം നിയന്ത്രണത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ക്കു കഴിയണം. സംഘടനാ നേതാക്കള്‍ മനസുവച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒരു ഫോണ്‍ വിളിയില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെവന്‍ ആര്‍ട്‌സ് മോഹന്‍, എസ്.എന്‍ സ്വാമി, ഭാഗ്യലക്ഷ്മി, ജാഫര്‍ കാഞ്ഞിരപ്പള്ളി, ഇന്ദ്രന്‍സ് ജയന്‍ എന്നിവരാണ് ഫെഫ്കയുടെ വൈസ് പ്രസിഡന്റുമാര്‍. സതീഷ് ആര്‍.എച്ച് ട്രഷററും അരോമ മോഹന്‍ വര്‍ക്കിംഗ് സെക്രട്ടറിയുമായി.

Top