തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ്. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറഞ്ഞു.
ഐ.ബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ്വര്‍ക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചു.
നമ്പി നാരായണന്റെ ബന്ധവും ഇവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായി. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചുവെച്ചു. സക്വാഡ്രന്റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.