ബെംഗളൂരു: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിന്റെ കളിപ്പാവയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്റെ കളിപ്പാവയാണെന്നാണ് അവരുടെ നീക്കങ്ങളിലൂടെ വ്യക്തമാവുന്നതെന്നും എന്തായാലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കര്‍ണാടകയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. വിമത എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.