ബംഗളൂരു: കൂട്ടത്തില്‍ കരിങ്കാലികള്‍ ഉള്ളത് ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന പരാമര്‍ശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സദ്ധരാമയ്യ. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് തനിക്ക് നല്ല ഉറപ്പുണ്ടെന്നും, സ്വന്തം പാര്‍ട്ടിയില്‍ കരിങ്കാലികള്‍ ഉള്ളതിനാല്‍ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയപ്പെടുന്നുവെന്നും, അതിനാലാണ് വിശ്വാസവോട്ടെടുപ്പിന് ഞങ്ങള്‍ തയ്യാറായതെന്നും സിദ്ധരാമയ്യ പറഞ്ഞു.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പിന് തങ്ങള്‍ തയ്യാറാണെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. വിശ്വാസവോട്ടിനു തയ്യാറാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ബി.ജെ.പി.യും കോണ്‍ഗ്രസും ജെ.ഡി.എസും തങ്ങളുടെ എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. കുമാരസ്വാമിയുടെ പ്രഖ്യാപനമെത്തിയതോടെ സഭ വിട്ട ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നു ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിലാണ് ബി.ജെ.പി. എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
ഇതിനിടെ ബി.ജെ.പി.യിലെ നാല് എം.എല്‍.എ.മാരുമായി ജെ.ഡി.എസ്. നേതാക്കള്‍ ബന്ധപ്പെട്ടതായി അഭ്യൂഹമുണ്ട്. മൂന്നുദിവസമായി റിസോര്‍ട്ടിലുള്ള ജെ.ഡി.എസ്. സാമാജികര്‍ വിശ്വാസവോട്ടുവരെ അവിടെ തുടര്‍ന്നേക്കും.
ഇപ്പോള്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തന്ത്രങ്ങള്‍ മെനയുന്നതിനുള്ള ചര്‍ച്ചകളിലാണ്. വിമതപക്ഷത്തെ നാല് എം.എല്‍.എ.മാരെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണു കോണ്‍ഗ്രസ് പ്രതീക്ഷ.