കൊച്ചി : യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
ദിലീപുമായി ഏറെ അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
നടന്‍ ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം തിരക്കി.
കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്തത്.
ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്ന് താരത്തോട് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയേയും പതിമൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 1.30 ആയിട്ടും അവസാനിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് സ്ഥലത്തെത്തിയത്.
ഇത് സിദ്ദിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇതില്‍ വ്യക്തത വരുത്തുവാന്‍ അന്വേഷണ സംഘം ശ്രമിച്ചു. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പൊലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ദിഖ് മൊഴി നല്‍കി.