സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സിദ്ദിഖ് കാപ്പനെതിരെയുള്ള യു.പി പൊലീസ് നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് യു.പി പൊലീസിന് മറുപടി നല്‍കാന്‍ സമയം നല്‍കിക്കൊണ്ടാണ് കേസ് ഒരാഴ്ചത്തേക്ക് കൂടി മാറ്റിയത്.

ക്രിമിനല്‍ കേസിലെ ഒരു പ്രതിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതി സമീപിക്കാന്‍ സാധിക്കുമോ എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യത്തില്‍ അതിന് സാധിക്കുമെന്ന് യൂണിയന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കേസില്‍ കക്ഷി ചേര്‍ത്തു.

അന്വേഷണത്തില്‍ കാപ്പനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് യു.പി പൊലീസ് അറിയിച്ചു. യു.പി പൊലീസിന്റെ ആരോപണങ്ങളാണ് ഞെട്ടിക്കുന്നതെന്ന് കപില്‍ സിബലും മറുപടി നല്‍കി. വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടെ മറുപടി.

Top