മഥുര: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മഥുര കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി അപേക്ഷ നിരാകരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അടക്കം നാല് പേരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനായി മാത്രമാണ് താന്‍ ഹാഥ്‌റസിലേക്ക് യാത്ര ചെയ്തതെന്നാണ് കാപ്പന്‍ കോടതിയില്‍ അറിയിച്ചത്. കേസില്‍ എട്ട് മാസത്തിലേറെയായി കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. സിഎഎ, എന്‍ആര്‍സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. നീക്കം പരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.