സിദ്ധിഖ് കാപ്പന്റെ ജാമ്യം; അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി ഹത്രാസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇതിനിടയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. ജാമ്യം കിട്ടാത്ത സാഹചര്യമാണെന്നും യു.എ.പി.എ അടക്കം ചുമത്തിയതിനാല്‍ ആറോ ഏഴോ വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

സുപ്രീംകോടതിയിലുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഭേദഗതി വരുത്തി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതിയിലെ കേസ് തള്ളാതെ നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top