ഢാക്ക: ഏഷ്യാകപ്പില്‍ ബംഗ്ലാദേശിന് തിരിച്ചടി. ബൗളിങ്ങ് കരുത്തായ മുസ്തഫിസുര്‍ റഹ്മാന്‍ പരിക്കുമൂലം ടീമില്‍ നിന്നും പുറത്തായി. ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ 20കാരന്‍ മുസ്തഫിസുറിന് ഇടത് വശത്തെ പേശിക്ക് പരിക്കേറ്റിരുന്നു.
പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല ചികിത്സ വേണ്ടിവരുമെന്നതിനാല്‍ അടുത്തു വരുന്ന ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിനെ മുസ്തഫിസുറിനു പകരം ടീമിലേക്ക് വിളിച്ചു.
ശ്രീലങ്കയ്‌ക്കെതിരെ 23 റണ്‍സിന്റെ വിജയമാണ് ആതിഥേയരായ ബംഗ്ലാദേശ് നേടിയത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബംഗ്ലാദേശ്. മാര്‍ച്ച് രണ്ടിന് പാകിസ്ഥാനുമായാണ് അവരുടെ അടുത്ത മത്സരം.