ഡിവൈഎസ്പിയുടെ മരണം, കെ.ജെ. ജോര്‍ജിന്റെ രാജി ആവശ്യം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജിന്റെ രാജി ആവശ്യം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജോര്‍ജിനെതിരെ പുതുതായി കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. ഇത് നേരത്തെയുള്ള കേസാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. പുതിയൊരു കേസിന്റെ കാര്യമില്ല. ജോര്‍ജിന്റെ രാജിയുടെ സാഹചര്യം നിലനില്‍ക്കുന്നുമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ സംഭവത്തില്‍ ജോര്‍ജ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചതാണ്. ഇപ്പോള്‍ അദ്ദേഹം ബംഗളൂരു നഗരസവികസന മന്ത്രിയാണ്. കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ അന്വേഷണത്തെ അദ്ദേഹം സ്വാധീനിക്കുമെന്ന ചോദ്യം ഉയരുന്നുപോലുമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

തൊഴില്‍ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കെ.ജെ. ജോര്‍ജിനെതിരെ സിബിഐ കേസെടുത്തത്. ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. രാജിവച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് ബിജെപിയുടെ ഭീഷണി.

മംഗളൂരു റേഞ്ച് ഐജി ഓഫിസ് ഡിവൈഎസ്പി ആയിരുന്ന ഗണപതി 2016 ജൂലൈ ഏഴിനാണു മടിക്കേരിയിലെ ലോഡ്ജില്‍ ജീവനൊടുക്കിയത്. അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന കെ.ജെ. ജോര്‍ജ്, ഇന്റലിജന്‍സ് എഡിജിപി എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിരെ തൊഴില്‍ പീഡനം ആരോപിച്ച് കുറിപ്പ് എഴുതിയ ശേഷമായിരുന്നു മരണം.

Top