സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ജാമ്യഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം അനുവദിക്കരുതെന്നും പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിനായിനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പൻ. അറസ്റ്റിന് മുൻപായി ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെനും സർക്കാർ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലുണ്ട്.

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.

കുറ്റകൃത്യത്തിൽ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പത്രപ്രവർത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹർജിയിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top