കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കന്നി ഗോള്‍ സ്വന്തമാക്കിയ അന്നു മുതല്‍ സിഫ്നിയോസിനെ ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. സിഫ്നിയോസ് ടീം വിടുന്നെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. പരിശീലകനായിരുന്ന മ്യൂളെന്‍സ്റ്റീന്‍ ടീം വിട്ടതിനു പിന്നാലെ കാരണങ്ങളൊന്നും വ്യക്തമാക്കാതെ കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു താരം.
പിന്നീട് ഡച്ച് ക്ലബുമായി കരാറിലേര്പ്പെട്ടതിനാലാണ് ടീം വിടുന്നതെന്നു മാനേജ്മെന്റ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മ്യൂളെന്സ്റ്റിനിന്റെ മടക്കമാണ് താരത്തെയും പിന്തിരിയാന് പ്രേരിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹം വിലവയ്ക്കാതെ താരം ചതിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത സിഫ്നിയോസ് മറ്റൊരു ഐഎസ്എല്‍ ക്ലബായ എഫ്സി ഗോവയുമായി കരാറൊപ്പിടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തെ റിലീസ് ചെയ്തത് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങള്‍ മൂലമാണെന്ന വാദം ഇതോടെ ശക്തമായിരിക്കുകയാണ്.