ചെന്നൈ: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് തങ്ങളുടെ പുറത്ത് ചവിട്ടിച്ച് ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സഹായിച്ച തമിഴ്‌നാട് പൊലീസ് സേനാംഗങ്ങളുടെ പ്രവര്‍ത്തിയ്ക്ക് അനുമോദനം.
തമിഴ്‌നാട് ആംഡ് റിസര്‍വിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്നീ പൊലീസുകാരാണ് ട്രെയിനില്‍ നിന്ന് താഴെയിറങ്ങാന്‍ ബുദ്ധിമുട്ടിയ അമുത എന്ന ഗര്‍ഭിണിയ്ക്കു സഹായവുമായി എത്തിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. പല ട്രെയിനുകളും സ്‌റ്റേഷനുകളില്‍ നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയിട്ടത്. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ആളുകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു.
ഫോണ്‍ കോളില്‍ നിന്നാണ് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന അമുതയുടെ കാര്യം പൊലീസുകാര്‍ അറിയുന്നത്. കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന അമുത രണ്ടുമണിക്കൂറിലധികമായി ട്രെയിനിനുള്ളില്‍ പെട്ടുപോയിരുന്നു.
യാത്രക്കാരുടെ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എസ്പ്ലനേഡിലെയും ഫ്‌ളവര്‍ ബസാറിലെയും പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതേ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും ഉടന്‍ തന്നെ സ്ഥലത്തെത്തി. ശേഷം അമുതയുടെ കമ്പാര്‍ട്ട്‌മെന്റിന് സമീപത്തെത്തുകയും അവരെ പുറത്തിറങ്ങാന്‍ സഹായിക്കുകയുമായിരുന്നു.