ന്യൂഡല്‍ഹി:ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി സര്‍വീസസ് ആക്ട് നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പു വച്ചതോടെയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ ബില്‍ നിയമമായത്. ഡിജിറ്റല്‍ പഴ്‌സനല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍, ജന്‍ വിശ്വാസ് (അമന്‍ഡ്‌മെന്റ് ഓഫ് പ്രോവിഷന്‍സ്) ബില്‍, റെജിസ്‌ട്രേഷന്‍സ് ഓഫ് ബര്‍ത്സ് ആന്‍ഡ് ഡെത്സ് (അമന്‍ഡ്‌മെന്റ്) ബില്‍ എന്നിവയും ഇന്ന് നിയമമായി.
പ്രതിഷേധമാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരും പ്രതിപക്ഷമായ ഇന്ത്യ മുന്നണിയും നടത്തിയത്. ബില്‍ പാസാക്കാന്‍ വോട്ടിനിട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ സഭയില്‍നിന്നു വോക്കൗട്ട് നടത്തുകയും ചെയ്തു. ഡല്‍ഹിയുടെ അധികാരി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനാണ് ഡല്‍ഹി സര്‍വീസസ് ആക്ട് കേന്ദ്രം കൊണ്ടുവന്നത്.
ഡിജിറ്റല്‍ പഴ്‌സനല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കുന്നതിനെയും പ്രതിപക്ഷം എതിര്‍ത്തിരുന്നു. ബില്ലിലെ ചില വകുപ്പുകളിലാണ് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു.