തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു.
സിക്ക വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടപ്പാക്കും.കൊതുകു നിവാരണത്തിനായി വീടുകളില്‍നിന്ന് നടപടി തുടങ്ങണം. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും കളക്ടര്‍ പറഞ്ഞു.
സിക്കാ വൈറസ് ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരില്‍ രോഗ ലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഇവര്‍ ഗര്‍ഭിണികള്‍ക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സര്‍ക്കാര്‍െ്രെപവറ്റ് ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കണം.
വാര്‍ഡ് തലത്തില്‍ നിന്ന് ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ കോര്‍പറേഷന്‍ പരിധിയില്‍ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യണം. ഡിവിസി യൂണിറ്റിലെ സീനിയര്‍ ബയോളജിസ്റ്റിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുനിസിപ്പല്‍ ആരോഗ്യ സേവനങ്ങള്‍ ഫോഗിംഗും സ്‌പ്രേയും നടത്തും.വാര്‍ഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്‌ലാറ്റും സന്ദര്‍ശിച്ചു ഉറവിടങ്ങള്‍ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
വീടുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാന്‍ ശുചിത്വ സമിതി തുടര്‍ സന്ദര്‍ശനം നടത്തും. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാര്‍ഹമാണ്. എല്ലാ പെരിഫെറല്‍ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തണം. രോഗ നിര്‍ണയ കേന്ദ്രങ്ങള്‍, ഒബിജി സ്‌കാന്‍ ചെയ്യുന്ന എല്ലാ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങള്‍ ജില്ലാ ആര്‍സിഎച്ച് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
എല്ലാ എല്‍എസ്ജിഡി വകുപ്പുകളിലും ഇന്റര്‍സെക്ടറല്‍ ഏകോപന സമിതി യോഗം ചേരും.അനാവശ്യമായ ഭിതി വേണ്ട, അതീവ ജാഗ്രതയാണ് വേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.