Sikh man shot at in US; attacker yelled ‘go back to your own country’

ന്യൂയോര്‍ക്ക്: യുഎസില്‍ വീണ്ടും ഇന്ത്യന്‍ വംശജനുനേരേ ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ വംശീയാക്രമണങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വാഷിങ്ടണില്‍ സിഖ് യുവാവിനു വെടിയേറ്റത്.

‘നിങ്ങളുടെ രാജ്യത്തേക്കു തിരിച്ചുപോവൂ’ എന്ന് അലറിക്കൊണ്ടാണ് അജ്ഞാതന്‍ നിറയൊഴിച്ചത്. ദീപ് റായ് എന്ന മുപ്പത്തൊമ്പതുകാരനാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ദീപ് വീടിനു പുറത്ത് വാഹനം ശരിയാക്കിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം. അവിടെയെത്തിയ അക്രമി ‘സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകൂ’ എന്ന് ആക്രോശിച്ച് ബഹളം ഉണ്ടാക്കി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ദീപിന്റെ കൈയിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ചികില്‍സ നല്‍കി വിട്ടയച്ചു.

ആറടിയോളം പൊക്കമുള്ള വെള്ളക്കാരനായ അക്രമി മുഖം മറച്ചിരുന്നുവെന്നു ദീപ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കെന്റ് പൊലീസ് മേധാവി കെന്‍ തോമസ് അറിയിച്ചു.

ഇന്ത്യക്കാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്‌ഭോട്‌ല കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ ഇന്ത്യന്‍ വംശജനായ ഹര്‍നീഷ് പട്ടേലും കൊല്ലപ്പെട്ടിരുന്നു.

Top