പാക്കിസ്ഥാനിലെ സിഖ് വംശജരെ മതംമാറ്റുന്നു ; വിഷയം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ സിഖ് മതക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന വിഷയം ഏറ്റെടുക്കുമെന്ന് ഇന്ത്യ.

മതപരിവര്‍ത്തനം സംബന്ധിച്ച കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.

നേരത്തേ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഈ വിഷയം സുഷമാസ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സിഖ് മതസ്ഥര്‍ നേരിടുന്ന അവസ്ഥ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമിരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.

അവരെ സഹായിക്കണമെന്നും സുഷമാസ്വരാജിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ സിഖ് പാരമ്പര്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

തുടര്‍ന്നായിരുന്നു വിഷയം ഉന്നതതലത്തില്‍ തന്നെ പാക്ക്‌ സര്‍ക്കാരിനെ അറിയിക്കുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സിഖ് മതക്കാരെ നിര്‍ബന്ധിച്ച് മതം മാറ്റുന്നത്.

പ്രവിശ്യയിലെ ഹങ്ഗു ജില്ലയിലാണ് സിഖ് മതസ്ഥര്‍ കൂടുതലായും താമസിക്കുന്നത്. ഇവിടെ ഏകദേശം 10,000 സിഖ് മതവിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. അവര്‍ നേരിടുന്ന പ്രതിസന്ധിയില്‍ സുഷമാ സ്വരാജ് ആശങ്കയും പ്രകടിപ്പിച്ചു.

Top