മൊഹാലി: ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ തങ്ങളോട് കുറച്ച് വര്‍ഷങ്ങളായി നീതി കാട്ടുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും. അതിനാല്‍ തന്നെ ഇന്ത്യന്‍ ടീം സെലക്ടര്‍മാരെ പരിഹസിക്കാന്‍ ലഭിച്ച അവസരം ഇരുവരും ഇപ്പോള്‍ പാഴാക്കാറില്ല.
യുവരാജ് 300 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസം യുവരാജിന്റെ ആരാധകരുടെ കൂട്ടായ്മയായ യുവരാജ് സിങ്ങ് വേള്‍ഡ് എന്ന ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായ യുവിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും അസ്ഹറുദ്ദീന്‍, സച്ചിന്‍, ദാദ, ദ്രാവിഡ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചതെന്നുമായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.
ഈ ട്വീറ്റിന് യുവരാജ് സിങ്ങിന്റെ മറുപടിയെത്തി. ഇങ്ങനെ ഒരു അവസരം നല്‍കിയതിന് സൗരവ് ഗാംഗുലിക്കും എന്റെ ആദ്യ ബാച്ചിലെ സെലക്ടര്‍മാര്‍ക്കും നന്ദി പറയുന്നു എന്നായിരുന്നു യുവിയുടെ മറുപടി. ഇതിന് പിന്നാലെ യുവിയോട് ഒരു ചോദ്യവുമായി ഹര്‍ഭജന്റെ ട്വീറ്റെത്തി. അവസാന ബാച്ചിന് എന്തെങ്കിലുമുണ്ടോ? എന്നായിരുന്നു ചോദ്യം. അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്ന യുവി മറുപടിയും നല്‍കി.