സിലിഗുരി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നിരവധിപേരാണ് എത്തിയത്. കായിക മേഖലയില്‍ നിന്നും നിരവധിസഹായ വാഗ്ദാനങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്താരം റിച്ച ഗോഷ്.
ഇക്കഴിഞ്ഞ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഓള്‍റൗണ്ടറായ പതിനാറുകാരി താരം ഒരു ലക്ഷം രൂപയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയുടെ ചെക്ക് റിച്ച ഗോഷിന്റെ പിതാവ് സിലിഗുരി ജില്ലാ മജിസ്‌ട്രേറ്റ് സുമാന്ത സഹായിക്ക് കൈമാറി.
”എല്ലാവരും കോവിഡ്-19ന് എതിരായ പോരാട്ടത്തിലാണ്. അതിനെതിരെ ഒന്നിച്ച് പോരാടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉത്തരവാദിത്തമുള്ള പൗരയെന്ന നിലയ്ക്ക് എനിക്കും അതിന്റെ ഭാഗമാകണമെന്ന് തോന്നി”,-റിച്ച പറഞ്ഞു.