ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര പോര് പാര്‍ട്ടിയുടെ രജത ജൂബിലി ആഘോഷ ചടങ്ങിലേക്കും വ്യാപിച്ചു.
ചടങ്ങില്‍ ഉത്തര്‍പ്രേദശ് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ മകനുമായ അഖിലേഷ് യാദവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പിതൃസഹോദരന്‍ ശിവ്പാല്‍ യാദവും പരസ്പരം വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി.
ആഘോഷ ചടങ്ങില്‍ സംസാരിക്കവെ തനിക്കെതിരെ ആവര്‍ത്തിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ശിവ്പാലിന്, തന്റെ കൈയില്‍ വാള്‍ തന്നിട്ട് അതുപയോഗിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് തുടര്‍ന്ന് സംസാരിച്ച അഖിലേഷ് മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നതിനിടെയാണ് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞത്.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ്, ജെഡിയു നേതാവ് ശരത് യാദവ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാല, കെ.സി.ത്യാഗി, പ്രശസ്ത അഭിഭാഷകന്‍ റാം ജെഠ്മലാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചടങ്ങിനെത്തിയില്ല.
അധികാരമെന്നത് സമ്മാനമായി കിട്ടിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണെന്ന് അനുയായികളേയും പോരടിക്കുന്ന നേതാക്കളെയും ഓര്‍മിപ്പിക്കുന്നതായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ പ്രസംഗം. അഖിലേഷ് യാദവിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ മുലായം, മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും മകനെ ഓര്‍മപ്പെടുത്തി.
പാര്‍ട്ടി അധ്യക്ഷനും സഹോദരനുമായ മുലായം സിങ്ങിനോടുള്ള വിശ്വസ്തത ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ശിവ്പാല്‍, ഭരണത്തില്‍ മുഖ്യമന്ത്രിയേക്കാള്‍ മികച്ച പ്രകടനം തന്റെ കീഴിലുള്ള വകുപ്പുകളുടേതായിരുന്നു എന്ന് അവകാശപ്പെട്ടു.
പാര്‍ട്ടിയിലെ അധികാരവടംവലിയുടെ ഭാഗമായി ശിവ്പാലിനെയും വിശ്വസ്തരെയും മുഖ്യമന്ത്രി അഖിലേഷ് യാദവ് നേരത്തേതന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയിരുന്നു.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് ഒട്ടും ആഗ്രഹമില്ലെന്നും ശിവ്പാല്‍ യോഗത്തില്‍ വ്യക്തമാക്കി.
ജനകീയനായ മുഖ്യമന്ത്രി അഖിലേഷിനോട് എനിക്ക് പറയാനുള്ളത് ഇതാണ്. എന്നില്‍നിന്ന് അദ്ദേഹത്തിന് എന്തു ത്യാഗം വേണമെങ്കിലും ആവശ്യപ്പെടാം.
എനിക്ക് മുഖ്യമന്ത്രിയാകാന്‍ ഒട്ടും ആഗ്രഹമില്ല. താങ്കള്‍ക്ക് എന്നെ അപമാനിക്കാം, വീണ്ടും വീണ്ടും നേതൃസ്ഥാനങ്ങളില്‍നിന്ന് പുറത്താക്കാം. എന്റെ രക്തംപോലും പാര്‍ട്ടിക്കായി നല്‍കാന്‍ എനിക്കാകും ശിവ്പാല്‍ പറഞ്ഞു,.
ചിലര്‍ കഠിനാദ്ധ്വാനത്തിലൂടെ പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുമ്പോള്‍, ചിലര്‍ അധികാരസ്ഥാനത്തുള്ളവരോട് അടുപ്പം പുലര്‍ത്തിയും മറ്റു ചിലര്‍ പാരമ്പര്യത്തിന്റെ പേരിലുമാണ് ഇത്തരത്തില്‍ വളരുന്നതെന്ന്, അഖിലേഷിനെതിരെ ഒളിയമ്പെയ്യാനും ശിവ്പാല്‍ മറന്നില്ല.
പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്തവര്‍ ഒന്നും കിട്ടാതെ നിരാശരാകുമ്പോള്‍, വെറുതെ നിന്ന ചിലര്‍ക്കാണ് നേട്ടങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദിയില്‍ ഉടലെടുത്ത പ്രശ്‌നത്തിന് ആക്കം കൂട്ടുന്നതാണ് ഇരുവരുടെയും വാക്‌പോര്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള നേതാക്കന്മാരുടെ ശ്രമത്തിന് തിരിച്ചടിയായിരിക്കുകയാണ് പുതിയ സംഭവവികാസം.