കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. അപ്പീല്‍ ഹര്‍ജി ഇന്നലെ പരിഗണനയ്ക്ക് വന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തുന്നത് തടഞ്ഞുകൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഈ തീരുമാനം സില്‍വര്‍ ലൈന്‍ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
സര്‍വ്വേ നിര്‍ത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴിവെക്കും. സാമൂഹികാഘാത സര്‍വ്വേ നിര്‍ത്തി വെക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിക്കായി ഡിപിആര്‍ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.