സിൽവർ ലൈൻ സംവാദം; ജോസഫ് സി മാത്യുവിനെ പാനലിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനെ ഉൾപെടുത്തി. ഇന്ത്യൻ റെയിൽവേ റിട്ടയേർഡ് ചീഫ് എൻജിനീയർ അലോക് കുമാർ വർമ, കണ്ണൂർ ഗവ. കോളേജ് ഓഫ് എൻജിനീയറിംഗ് റിട്ട, പ്രിൻസിപ്പൽ ഡോ. ആർ വി ജി മേനോൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് പരിപാടിയിൽ പങ്കെടുക്കുക. സംവാദത്തിൽ പങ്കെടുക്കാൻ ശ്രീധർ വെച്ച ഉപാധികൾ സർക്കാർ അംഗീകരിച്ചു.

ജോസഫ് സി മാത്യുവിനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനെ പാനലലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരോ കെ റെയലോ തയ്യാറായിട്ടില്ല.

വ്യാഴാഴ്ച നടക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റി. സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാൻ കാരണം. പകരം കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസകിനെ ഉൾപ്പെടുത്തി. ഇദ്ദേഹത്തിനൊപ്പം ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻസട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, റിട്ടയേർഡ് റെയിൽവേ ബോർഡ് മെംബർ (എൻജിനീയറിംഗ്) സുബോധ് കുമാർ ജയിൻ എന്നിവരാകും പദ്ധതിയെ അനുകൂലിക്കുക.

 

Top