യാത്രാവിലക്കുള്ള രാജ്യങ്ങളിലെ സില്‍വര്‍ വിസക്കാര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാം

ദുബായ്: ഇന്ത്യയടക്കം യാത്രാവിലക്കുള്ള രാജ്യങ്ങളിലെ സില്‍വര്‍ വിസക്കാര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവര്‍ഷ കാലാവധിയുള്ള സില്‍വര്‍ വിസയുള്ളവര്‍ക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലൂടെ മാത്രമാണ് രാജ്യത്തെത്താന്‍ അനുമതി.

ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, യു.എ.ഇ. പൗരന്‍മാര്‍ എന്നിവര്‍ക്ക് നിലവില്‍ യു.എ.ഇയിലേക്ക് പ്രവേശിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും യു.എ.ഇ. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് ആരോഗ്യസുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെത്തുന്ന എല്ലാവരും തിരിച്ചറിയുന്നതിന് പ്രത്യേക ട്രാക്കിങ് ഉപകരണം (റിസ്റ്റ് ബാന്‍ഡ്) 10 ദിവസമെങ്കിലും ധരിച്ചിരിക്കണം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യു.എ.ഇ. പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യ, കോംഗോ, ബംഗ്ലാദേശ്, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, യുഗാണ്‍ഡ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ നിബന്ധനകള്‍ ബാധകം.

നേരത്തെ അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമായിരുന്നു റിസ്റ്റ് ബാന്‍ഡ്. കൂടാതെ ചാട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ എത്തിയ ഉടനെയും നാലാംദിവസവും എട്ടാം ദിവസവും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. വിമാനജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് അഞ്ച് ദിവസം മുന്‍പ് വിവരം നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയെ അറിയിക്കണം. രാജ്യത്തേക്ക് പ്രവേശിക്കാന്‍ അതോറിറ്റിയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

Top