സില്‍വര്‍ലൈന്‍ സംവാദം ഇന്ന്; എതിര്‍ക്കാന്‍ ഒരാള്‍ മാത്രം

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദം ഇന്ന്. രാവിലെ 11ന് തിരുവനന്തപുരത്തുളള ഹോട്ടൽ താജ് വിവാന്തയിലാണ് സംവാദ പരിപാടി. പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരും എതിർക്കുന്ന പാനലിൽ ഒരാളുമാണ് ഉള്ളത്.

ഡോ ആർ വി ജി മേനോൻ ആണ് പദ്ധതിയെ എതിർക്കുന്ന പാനലിലുള്ളത്. അനുകൂലിക്കുന്ന പാനലിൽ റിട്ട റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ എന്നിവരാണ് ഉള്ളത്.

ആർ വി ജി മേനോന് കൂടുതൽ സമയം അനുവദിക്കും

എതിർ‌ക്കുന്നവരുടെ പാനലിൽ ഉണ്ടായിരുന്ന അലോക് കുമാർ വർമ്മ സർക്കാർ നേരിട്ട് ക്ഷണിക്കാത്തതിനാൽ സ്വയം പിൻമാറിയിരുന്നു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയാണ് പകരം നിശ്ചയിച്ചത്. എന്നാൽ കെ റെയിൽ സംഘാടകരായതിനെ തുടർന്ന് പിൻമാറി. പദ്ധതിയെ എതിർക്കുന്ന ഒരാൾ മാത്രമാകും സംവാദത്തിലുണ്ടാവുക എന്നത് വിമർശനത്തിനിടയായി കഴിഞ്ഞു.

പദ്ധതിയെ എതിർത്ത് സംസാരിക്കുന്ന ആർ വി ജി മേനോന് കൂടുതൽ സമയം അനുവദിക്കും. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്ന് വിമരിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോൻ ആണ് മോഡറേറ്റർ. സംവാദത്തിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്ക് മാത്രമായിരിക്കും പ്രവേശനം.

Top