തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കുമെന്ന് കെ-റെയില്‍. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ-റെയില്‍ വിശദീകരിക്കുന്നു.
റെയില്‍വേയുടെ സ്ഥലത്ത് കെ-റെയിലിന്റെ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. റെയില്‍വേയുടെ എത്ര ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നതു സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പിന്നാലെ ഭൂമി ഏറ്റെടുക്കലിന് കോടതിയില്‍ എതിര്‍പ്പും അറിയിച്ചു.