തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. നിയമസഭയില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷംസീര്‍ . കെ റെയിലിന്റെ പേരില്‍ കേരള പോലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന പി.സി വിഷ്ണുനാഥിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഷംസീര്‍ ഇങ്ങനെ പറഞ്ഞത്.
തൂണ് പറിക്കുമ്പോള്‍ കുറച്ച് അടിയൊക്കെ കിട്ടും. ഞങ്ങള്‍ പറയുന്നു, ഇനി പറിച്ചാല്‍ ഇനിയും കിട്ടും. ഇടതുപക്ഷം നടത്തുന്ന വികസനത്തിന് തടസ്സംനില്‍ക്കാന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകും, ഷംസീര്‍ പറഞ്ഞു.
പരിസ്ഥിതിയേക്കുറിച്ച് ഏറ്റവും മികച്ച കാഴ്ചപ്പാടുള്ളത് ഇടതുപക്ഷത്തിനാണ്. കെ റെയില്‍ വന്നാല്‍ ഉരുള്‍ പൊട്ടുമെന്നാണ് ചിലര്‍ പറയുന്നത്. ഉരുള്‍ എല്ലായിടത്തും പൊട്ടില്ലേ. പ്രളയം ഉണ്ടാകാതെ ചാലുകീറി വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ടാക്കാം. വെള്ളത്തിന്റെ ഒഴുക്ക് എവിടെയും തടയപ്പെടുന്നില്ല. 537 കിലോമീറ്റര്‍ കെ റെയിലില്‍ 137 കിലോമീറ്റര്‍ തൂണുകളിലൂടെയും ടണലുകളിലൂടെയുമാണ്. ഒരുതരത്തിലും പരിസ്ഥിതിയെ ബാധിക്കുന്നില്ല. കന്നുകാലിയോ മറ്റു ജീവികളോ പ്രവേശിക്കാതിരിക്കുന്നതിനാണ് ഫെന്‍സിങ്.
എല്ലാ തരത്തിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഇവന്റ് മാനേജ്മെന്റ് സമരമാണ്. ദേശീയപാതയെയും ഉള്‍നാടന്‍ ജലഗതാഗതത്തെയും കെറെയിലിനെയും എല്ലാം എതിര്‍ക്കുന്നത് ഇവന്റ് മാനേജ്മെന്റാണ്. ആ ഇവന്റ് മാനേജ്മെന്റില്‍ ഒരു ടീമാണ് കോണ്‍ഗ്രസും ലീഗും അടങ്ങുന്ന യുഡിഎഫും പിന്നെ ബിജെപിയും സാമുദായിക മൗദൂദിസ്റ്റുകളുമെന്നും ഷംസീര്‍ പറഞ്ഞു.