കെ റെയിൽ കല്ലിടൽ വീണ്ടും തുടങ്ങി; തടഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകരും നാട്ടുക്കാരും

തിരുവനന്തപുരം: പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസ് സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നും, ഒരാൾ ബോധരഹിതനായി വീണെന്നും തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കാരിച്ചാറയിൽ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ പറയുന്നു. പ്രതിഷേധം കനത്തതോടെ സർവേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് ഉണ്ടായത്. എന്നാൽ തങ്ങളാരെയും മനപ്പൂർവ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു.

എന്തായാലും പ്രതിഷേധം കനത്തതിനെത്തുടർന്ന്, സർവേ തൽക്കാലം അവസാനിപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴയവുണ്ട്. നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

Top