simbu – beep music – police station

കോയമ്പത്തൂര്‍: ബീപ് ഗാന വിവാദത്തെത്തുടര്‍ന്നുള്ള കേസില്‍ തമിഴ് നടന്‍ ചിമ്പു പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ചിമ്പുവിനെ ഇന്നുതന്നെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ പൊലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു.

അനിരുദ്ധ് എഴുതി, ചിട്ടപ്പെടുത്തി ചിമ്പു പാടിയ ബീപ്പ് സോങ് എന്നു പേരുള്ള ഗാനമാണ് വിവാദമായത്. തെറി വരുന്ന ഭാഗത്ത് ബീപ് എന്ന ശബ്ദം ഉള്‍പ്പെടുത്തിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇരുവരും സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഗാനം ആരോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി വളരെ പെട്ടെന്ന് തന്നെ പാട്ട് വൈറലായി. ഇതിനുപിന്നാലെ പാട്ടില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള പദപ്രയോഗങ്ങളുണ്ടെന്നാരോപിച്ച് സ്ത്രീസംഘടനകള്‍ രംഗത്തെത്തി. ശക്തമായ പ്രതിഷേധമാണ് പാട്ടിനെതിരെ തമിഴകത്തുണ്ടായത്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിമ്പുവിന്റെയും സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും പേരില്‍ പൊലീസ് കേസെടുത്തു. ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച വിവാദ ഗാനത്തിന്റെ പേരില്‍ പത്തോളം കേസുകളാണു ചിമ്പുവിന്റെയും സംഗീത സംവിധായകന്‍ അനിരുദ്ധിന്റെയും പേരിലുള്ളത്.

Top