ന്യൂഡല്‍ഹി: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയും കൊടും ഭീകരനുമായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് പിടികൂടി. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് തൗഖീറാണ്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരനാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദീന്റെ സഹ സ്ഥാപകനാണ് അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീര്‍.
2008 ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസ് ഉള്‍പ്പെടെ രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍. വാഗമണ്‍ സിമി ക്യാംപുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണിയാള്‍. 2007 സെപ്റ്റംബറില്‍ ഒന്നിലേറെ തവണ തൃശൂരില്‍ ഇയാള്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ക്കു മുമ്പു വിവരം ലഭിച്ചിരുന്നു.
വാഗമണ്‍ തങ്ങള്‍ പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായും സൂചനയുണ്ടായിരുന്നു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു നേരത്തെ എന്‍.ഐ.എ നാലു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഖുറേഷി നിരവധി തീവ്രവാദ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്.
രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ് നടത്തിയതെന്നു സ്‌പെഷല്‍ സെല്‍ ഡപ്യൂട്ടി കമ്മിഷണര്‍ പി.എസ്. കുഷ്‌വ അറിയിച്ചു. കര്‍ണാടകയിലെ റിയാസ് ഭക്ടലിനും സിമിയുടെ ആത്തിഫ് അമീനുമൊപ്പമാണ് തൗഖീര്‍ രാജ്യത്ത് സ്‌ഫോടന പരമ്പര നടത്തിയത്. ഗുജറാത്തില്‍ 2008 ജൂലൈയിലും ഡല്‍ഹിയില്‍ അതേ വര്‍ഷം സെപ്റ്റംബറിലുമായിരുന്നു സ്‌ഫോടനങ്ങള്‍. 70 മിനിറ്റിന്റെ ഇടവേളയില്‍ ജൂലൈ 26-ന് 21 ബോംബുകളാണ് അഹമ്മദാബാദിലും സൂറത്തിലുമായി പൊട്ടിയത്. 56 പേര്‍ കൊല്ലപ്പെട്ടു. 200ല്‍ അധികംപേര്‍ക്കു പരുക്കേറ്റു.