കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരായി കണ്ടെത്തിയവരില്‍ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷവും ബാക്കി മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷവും കഠിനതടവ്. ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി (33), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക് (36) എന്നിവര്‍ക്കാണ് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇവര്‍ 60000 രൂപ പിഴയും അടക്കണം.
ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി (34), പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍ (34), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് (30) എന്നിവര്‍ക്കാണ് 12 വര്‍ഷം തടവും ശിക്ഷ വിധിച്ചത്. ഇവര്‍ 55000 രൂപ പിഴയുമടക്കണം. ജഡ്ജി കെ.എം. ബാലചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ് വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
രാജ്യത്തിനെതിരായ കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും ഇത്തരം കുറ്റകൃത്യം നടത്തിയവര്‍ ഒരുകാരുണ്യത്തിനും അര്‍ഹരല്ലെന്ന് എന്‍.ഐ.എ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, പ്രതികളില്‍ മൂന്നുപേര്‍ പാനായിക്കുളം കേസ് നടക്കുന്നതിന് മുമ്പോ ശേഷമോ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടില്ലെന്നത് ശിക്ഷാവിധിയില്‍ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
2006ലെ സ്വാതന്ത്ര്യ ദിനത്തില്‍ ‘സ്വാതന്ത്ര്യ ദിനത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യ യോഗമായിരുന്നുവെന്നാണ് കണ്ടെത്തല്‍. അഞ്ച് സിമി നേതാക്കളും സദസിലെ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു.
സംഭവത്തില്‍ സിമി നേതാക്കള്‍ക്കെതിരെ മാത്രം കേസെടുത്ത ബിനാനിപുരം പൊലീസ് 13 പേരെ വിട്ടയച്ചു. കേസ് ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡി.വൈ.എസ്.പി ശശിധരന്‍, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള 13 പേരെ കൂടി പ്രതിചേര്‍ത്തു. ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് 13 പേര്‍ എത്തിയതെന്നും വേദിയില്‍ ഉണ്ടായിരുന്നവരെ സദസിലുള്ളവര്‍ പ്രോത്സാഹിപ്പിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.