സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നു; മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. മരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നും ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നുവെന്നും സീന പറഞ്ഞു.

കൂടെയുണ്ടായിരുന്നവര്‍ പല തരത്തില്‍ വിശദീകരിക്കുന്നുവെന്നും പാര്‍ട്ടിയ്ക്കാണ് മരണത്തെ കുറിച്ച് പറയാനാവുകയെന്നും സീന വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ബ്രിട്ടോ മരണത്തിന് കീഴടങ്ങിയത്.

2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്ന ഈ സമര നായകന്റെ വിയോഗം സി.പി.എം പ്രവര്‍ത്തകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

എസ്എഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്.

രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കുന്നതായിരുന്നു. അതോടൊപ്പം തന്നെ സിപിഎം പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും അദ്ദേഹമുണ്ടായിരുന്നു.

Top