സൈമൺ ബ്രിട്ടോ – സീന പ്രണയജോഡി നൽകിയത് അതിജീവനത്തിന്റെ കരുത്ത് !

കേരളത്തിലെ പൊരുതുന്ന മനസ്സുകളുടെ ആവേശമാണ് സഖാവ് സൈമണ്‍ ബ്രിട്ടോ, എതിരാളികള്‍ ആക്രമിക്കാന്‍ പതിയിരുപ്പുണ്ടെന്ന് അറിഞ്ഞ് സഹപ്രവര്‍ത്തകനെ വഴി മാറ്റി വിട്ട് രക്ഷിച്ച് സ്വയം ആക്രമണം ഏറ്റുവാങ്ങിയ ധീര സഖാവ് . . .

പ്രതിസന്ധികള്‍ എന്നു പറയുമ്പോള്‍ തളരാതെ എന്നുകൂടി പറയാന്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ തോന്നിപ്പിച്ച പേരാണ് സൈമണ്‍ ബ്രിട്ടോ.

ആ നിശ്ചയദാര്‍ഢ്യത്തിനും കരുത്തിനും മുന്നില്‍ അന്ന് കാലന്‍ പോലും വഴിമാറി നിന്നു. ഇപ്പോള്‍ അനിവാര്യമായ വിധിക്ക് മുന്നില്‍ കീഴടങ്ങുമ്പോഴും കര്‍മ്മ നിരതനായിരുന്നു ഈ പോരാളി.

സൈമണ്‍ ബ്രിട്ടോയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ഈ പോരാട്ട വീര്യമാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്.എഫ്.ഐക്ക് മാറാന്‍ കഴിഞ്ഞതിനു പിന്നില്‍ ബ്രിട്ടോയുടെയും ചോര ചിതറിയ ത്യാഗമുണ്ട്.

ഈ ത്യാഗത്തിനെയും ചങ്കുറപ്പിനെയും പ്രണയിച്ചാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സീനഭാസ്‌ക്കര്‍ ബ്രിട്ടോയുടെ ഭാര്യയായി മാറുന്നത്.

തന്റെ അവസ്ഥ ഓര്‍മ്മപ്പെടുത്തി സീനയെ പിന്തിരിപ്പിക്കാന്‍ ബ്രിട്ടോ ശ്രമിച്ചെങ്കിലും തന്റെ ജീവിത സഖാവ് ആരാണെന്ന കാര്യത്തില്‍ ഉറച്ച നിലപാടിലായിരുന്നു സീന.

സിനിമ കഥകളെ പോലും വെല്ലുന്നതാണ് ബ്രിട്ടോയുടെയും സീനയുടെയും പ്രണയം. ചുവപ്പ് സ്വപ്നങ്ങളില്‍ കൈ കൊടുത്ത ഈ സഖാക്കളുടെ ജീവിതം സാങ്കല്‍പ്പിക സിനിമ കഥകള്‍ക്കും അപ്പുറമാണ്. നിരവധി പ്രണയ വിവാഹങ്ങള്‍ കണ്ട കേരളത്തിന് അന്നും ഇന്നും പകരം വയ്ക്കാന്‍ ഇതില്‍പ്പരം മറ്റൊരു പ്രണയകഥയും ഇല്ല എന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്.

തിരുവനന്തപുരം വിമന്‍സ് കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന സീനഭാസ്‌ക്കറുമായുള്ള വിവാഹം സി.പി.എം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് നടന്നിരുന്നത്.

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പോയ സൈമണ്‍ ബ്രിട്ടോ എതിരാളിയുടെ കത്തിമുനയില്‍ പിടഞ്ഞ് വീണ് വീല്‍ ചെയറില്‍ ആയപ്പോഴും പോരാട്ടം തുടരാനായത് മനസ്സിലെ കരുത്തു കൊണ്ടു മാത്രമാണ്.

കേരളത്തിനകത്തും പുറത്തും പാര്‍ട്ടി വേദികളിലും സാംസ്‌കാരിക സദസുകളിലും എത്തിയ ബ്രിട്ടോ സഹ പ്രവര്‍ത്തകര്‍ക്ക് സമാനതകളില്ലാത്ത പ്രചോദനമായിരുന്നു. ഏറ്റവും ഒടുവില്‍ മഹാരാജാസ് കോളജില്‍ പിടഞ്ഞ് വീണ അഭിമന്യുവിന്റെയും ആവേശമായിരുന്നു ഈ സഖാവ്.

എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐയുടെയും സമ്മേളനങ്ങളില്‍ ബ്രിട്ടോക്ക് കിട്ടിയ അത്രയും സ്വീകാര്യത മറ്റൊരു നേതാവിനും ഇതുവരെ കിട്ടിയിട്ടില്ല.

വീല്‍ചെയറില്‍ മനസ്സില്‍ എരിയുന്ന കനലുമായി തീപ്പൊരി പ്രസംഗം നടത്തുന്ന സൈമണ്‍ ബ്രിട്ടോ വിപ്ലവ വിദ്യാര്‍ത്ഥി – യുവജന സംഘടനാ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്. ശാരീരിക വൈകല്യം അവഗണിച്ച് 138 ദിവസത്തെ ഭാരത പര്യടനം ബ്രിട്ടോ നടത്തിയത് ഏതാനും വര്‍ഷം മുന്‍പാണ്. വടുതലയിലെ വീട്ടില്‍ നിന്നും ഹിമാലയത്തിന്റെ താഴ് വരയോളം പോയത് ഇച്ഛാശക്തി എന്ന ഇന്ധനത്തിന്റെ ബലത്തിലാണ്. 18,000 കിലോമീറ്ററാണ് പ്രതികൂല സാഹചര്യത്തിലും ബ്രിട്ടോ സഞ്ചരിച്ചത്. ഉത്തരേന്ത്യ എന്നും ബ്രിട്ടോയുടെ പ്രിയപ്പെട്ട ഭൂമികയാണ്.

1979 ലാണ് ആദ്യമായി അദ്ദേഹം ഉപരി പഠനത്തിനായി ബീഹാറിലേക്ക് പോയത്. അവിടുത്തെ കാമ്പസുകളില്‍ ചുവപ്പന്‍ ആശയങ്ങള്‍ക്ക് വേര് പിടിച്ച കാലം കൂടി ആയിരുന്നു അത്. 1980 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വൈശാലിയില്‍ പ്രചരണ രംഗത്തും സജീവമായിരുന്നു. പഴയ സഹപ്രവര്‍ത്തകരെ നേരിട്ടു കാണുന്നതിനും ഈ യാത്ര ബ്രിട്ടോക്ക് സഹായകരമായി. യാത്രയുടെ ഓരോ ഏടുകളും തന്റെ ഫെയ്സ് ബുക്കില്‍ അദ്ദേഹം കുറിച്ചിരുന്നു.

ദര്‍ഭംഗയിലെ മിഥിലാ സര്‍വകലാശാലയില്‍ തുടങ്ങിയ ചുവപ്പന്‍ ആശയങ്ങള്‍ കേരളത്തിലേക്ക് പഠനം മാറ്റിയപ്പോഴും ശക്തമായി തുടര്‍ന്നു.രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലായാലും സാംസ്‌കാരിക വേദികളിലായാലും സമര രംഗങ്ങളിലായാലും നിറസാന്നിധ്യമായ ബ്രിട്ടോയുടെ മരണം രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് തീരാനഷ്ടമാണ്.

കേരളത്തിലെ പൊരുതുന്ന മനസ്സുകള്‍ക്ക് മാത്രമല്ല വിധിയുടെ ക്രൂരതയില്‍ പിടയുന്ന ജീവനുകള്‍ക്കും അതിജീവനത്തിനുള്ള പ്രചോദനമാണ് സൈമണ്‍ ബ്രിട്ടോ.

ബ്രിട്ടോ വിട പറഞ്ഞ ലോകത്ത് സഹപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ഭാര്യ സീനക്കും മകള്‍ കയനിലക്കും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകര്‍ന്ന് വഴിവിളക്കായി വാനില്‍ ഒരു ചുവപ്പ് നക്ഷത്രം കൂടി ഇനിയുണ്ടാകും. പുതിയ തലമുറക്ക് പഠിക്കാന്‍ തന്റെ ശരീരം തന്നെ വിട്ടു നല്‍കി മരണത്തില്‍ പോലും സഖാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ് സൈമണ്‍ ബ്രിട്ടോ.

ബ്രിട്ടോയുടെ സ്വപ്നം ഭാര്യ സീന വെളിപ്പെടുത്തിയതോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

Top