തമിഴ്നാട്ടിൽ 4 എടിഎമ്മുകളിൽ നിന്നായി ഒരേസമയം കവർച്ച; 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. തിരുവണ്ണാമലയിൽ ഇന്നലെ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയ‌ഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല.

ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമീപ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും ഫോൺ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Top