ന്യൂഡല്‍ഹി: ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി.വി. സിന്ധും സൈന നെഹ്‌വാളും ചേര്‍ന്ന് നയിക്കും.
ഫെബ്രുവരി 14 മുതല്‍ 19 വരെ വിയറ്റ്‌നാമിലാണു ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
13 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ചൈന, കൊറിയ, ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണു ടോപ് സീഡുകള്‍. കൊറിയ, സിങ്കപ്പൂര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ചൈന, ചൈനീസ് തായ്‌പേയി, ഹോങ്കോംഗ് എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍.
ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ജപ്പാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവര്‍ ഗ്രൂപ്പ് സിയിലുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ലക്‌നോവില്‍ നടന്ന സെയ്ദ് മോദി ഗ്രാന്‍ഡ് പ്രിക്‌സില്‍ സിന്ധു സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ വിജയിച്ച് സൈനയും ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.
ഇവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.