സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി

വയനാട്: മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

അതിനിടെ, സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ ഡയറിയിലുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്റെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായി പരിശോധിക്കും.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു പരാതി വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ട്, ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Top