Singapore airlines flight catches fire during emergency landing

സിംഗപ്പൂര്‍: ഇറ്റലിയിലെ മിലനിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയ ഉടനെ എന്‍ജിനില്‍ തീപടര്‍ന്നു. രാവിലെ 6.50തോടെയായിരുന്നു സംഭവം. 222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 2.05നാണ് വിമാനം സിംഗപ്പൂരില്‍നിന്ന് യാത്ര ആരംഭിച്ചത്. രണ്ടു മണിക്കൂര്‍ യാത്രയ്ക്കുശേഷം എന്‍ജിന്‍ തകരാറുണ്ടെന്നും തിരികെ സിംഗപ്പൂരിലേക്കുതന്നെ പോകുകയാണെന്നും പൈലറ്റ് അറിയിപ്പു നല്‍കി. വിമാനം പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ ഓയില്‍ വാണിങ് എന്ന മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ചങ്കി വിമാനത്താവളത്തിലിറക്കിയയുടനെ വിമാനത്തിന്റെ വലത് എന്‍ജിനില്‍ തീപടരുന്നത് കണ്ടെത്തി. വിമാന ഇന്ധനം ചിറകിനുസമീപത്തേക്കും തറയിലും പടര്‍ന്നതാകാം തീപിടിച്ചതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് വിമാനാധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top