ഗസ്സ കൂട്ടക്കുരുതി: ഐക്യദാര്‍ഢ്യത്തിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

സിംഗപ്പൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ ഐക്യദാര്‍ഢ്യത്തിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍. യുദ്ധവുമായി ബന്ധപ്പെട്ട വിദേശ രാഷ്ട്രങ്ങളുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും ധനസമാഹരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍ വൈകാരിക പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.

വിദേശ ചിഹ്നങ്ങളുള്ള പതാകകളും വസ്ത്രങ്ങളും വസ്തുക്കളും ഓണ്‍ലൈനില്‍ വില്‍ക്കുകയോ ധരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ധരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ സിംഗപ്പൂരിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ വിദേശ ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ആറുമാസം വരെ തടവോ 500 സിംഗപ്പൂര്‍ ഡോളര്‍ (30,750 ഇന്ത്യന്‍ രൂപ) പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആയ വിദേശികള്‍ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ വേദിയാക്കരുതെന്ന് കഴിഞ്ഞദിവസം അറിയിപ്പ് നല്‍കിയിരുന്നു.

‘ഹമാസിനെയോ അല്ലെങ്കില്‍ അതിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സിനെയോ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ലോഗോ ഉള്ള വസ്ത്രങ്ങളോ സാമഗ്രികളോ പ്രദര്‍ശിപ്പിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു.വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷണറുടെ അനുമതി ആവശ്യമാണെന്ന് ചാരിറ്റീസ് കമ്മീഷണറുടെ ഓഫിസ് അറിയിച്ചു. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ധനസമാഹരണ ശ്രമങ്ങള്‍ക്ക് സിംഗപ്പൂര്‍ റെഡ് ക്രോസ് സൊസൈറ്റിയും റഹ്മത്തന്‍ ലില്‍ അലമീന്‍ ഫൗണ്ടേഷനും നിലവില്‍ അനുമതിയുള്ളതായി അറിയിപ്പില്‍ പറഞ്ഞു. ‘ആരാണ് ഗുണഭോക്താവ്, നല്‍കുന സംഭാവന എന്തിനുവേണ്ടി ഉപയോഗിക്കുന്നു, ഫണ്ടുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ദാതാക്കള്‍ക്ക് എങ്ങനെ ലഭിക്കും എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ ധനസമാഹരണം നടത്തുന്നവരോട് അന്വേഷിക്കണം’ -പ്രസ്താവനയില്‍ പറഞ്ഞു.

Top