വാഷിങ്ടണ്‍: കിം- ട്രംപ് ഉച്ചകോടിയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ അജണ്ടകളും അവസാനമിനുക്കു പണിയിലാണ്. ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപൂരിലെ ഹോട്ടലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ശാശ്വത സമാധാനമാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയയും യുഎസും വ്യക്തമാക്കിയിട്ടുണ്ട്. ആണവനിരായുധീകരണം എന്നതിനെ ഇരുരാജ്യങ്ങളും എങ്ങനെ നിര്‍വ്വചിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര.
ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ലോകനേതാക്കളായ രണ്ടുപേരും,ആണാവായുധം കൈവശം വച്ചിരിക്കുന്ന ശക്തന്മാര്‍ വിശേഷണങ്ങള്‍ നിരവധിയാണ്. രണ്ടു പേരുടെയും കൂടിക്കാഴ്ചയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് ലോകജനതയും. ഈ ചര്‍ച്ച തന്നെ അപ്രതീക്ഷിതമാണ്, ചരിത്രമാണ്.
ഉത്തരകൊറിയ പറയുന്നതുപോലെ ശാശ്വതസമാധാനം എന്ന ലക്ഷ്യത്തിലേക്കെത്തല്‍ ഒട്ടും എളുപ്പമല്ല. ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് സമാധാനവിളക്ക് തെളിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് മറ്റ് രാജ്യങ്ങള്‍ പറയുന്നത്. എന്നുവച്ചാല്‍ ഉത്തരകൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ആണവായുധ വികസനം നിര്‍ത്തിവയ്ക്കുകയും വേണം.
ഉത്തരകൊറിയ എന്ന രാജ്യത്ത് മൂന്ന് തലമുറയായി ഏകാധിപത്യം തുടര്‍ന്നു പോരുന്ന കിം കുടുംബത്തെ സഹായിക്കുന്നത് ആണവായുധം തന്നെയാണ്. അതായത് കിം ജോങ് ഉന്നിന്റെ നിലനില്‍പിന്റെ അടിസ്ഥാനം. തന്റെ അടിത്തറയിളക്കുന്ന നിലപാട് സ്വീകരിക്കാന്‍ കിം തയാറാവുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
അതിന് അമേരിക്ക നല്‍കേണ്ട ഉറപ്പെന്താണ് ? ഉത്തരകൊറിയയില്‍ ഭരണമാറ്റം ആവശ്യപ്പെടരുത്, കൊറിയന്‍ ഉപദ്വീപില്‍ നിന്ന് യുഎസ് സൈന്യം പിന്മാറണം. പലതവണ നിലപാട് മാറ്റിയിട്ടുള്ള പ്യോങ്യാങ്ങിനെ വിശ്വസിച്ച് ദക്ഷിണകൊറിയയെും ജപ്പാനെയും വിട്ട് അമേരിക്ക പിന്മാറുമോ ? സങ്കീര്‍ണമായ അനേകം ചോദ്യങ്ങള്‍ക്ക് സിംഗപൂരില്‍ ചൊവ്വാഴ്ച ഉത്തരമുണ്ടാകാനിടയില്ല. എന്നാല്‍ ലോകം കാത്തിരിക്കുകയാണ് നാളെ ഒരു ദിനത്തിനായി…
ഡോണാള്‍ഡ് ട്രംപും കിം ജോംങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് (സിങ്കപ്പൂര്‍ സമയം രാവിലെ ഒന്‍പത്)ആണ് ഉച്ചകോടി നടക്കുന്നത്.