ബെംഗളൂരു: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം നല്‍കി വീസാ തട്ടിപ്പ് നടത്തിയ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് കമ്പനിക്കെതിരെ പരാതി നല്‍കിയവരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്കുചെയ്തു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശത്തിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്.
ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തിയ എലൈറ്റ് പ്രൊഫഷണല്‍ കമ്പനിക്കെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ടമെന്റില്‍ നല്‍കിയ പരാതിക്കു പിന്നാലെയാണ് ബെംഗളൂരു സ്വദേശി വിനോദ് കുമാറിന് സംഘത്തിന്റെ ഭീഷണി സന്ദേശമെത്തിയത്.
പരാതി പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം കുടുക്കിലാക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെയാണ് വിനോദിന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. നാല്‍പതിലധികം ഇ-മെയില്‍ സന്ദേശങ്ങളാണ് വിനോദിന്റെ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുള്ളത്.
ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോളാണ് ഓരോ തവണയും വിവിധ രാജ്യങ്ങളില്‍ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന വിവരം മനസിലാക്കുന്നത്. അക്കൗണ്ടുകള്‍ ഹാക്കുചെയ്യപ്പെട്ടതിനു തൊട്ടു പിന്നാലെ എലൈറ്റ് പ്രഫഷണല്‍സിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായിരുന്നു.